Friday, 8 April 2016

ഇന്ത്യ ഏറെ മാറി; അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നതില്‍ വന്‍വര്‍ധന

ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന് ആരോപിച്ച് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയതു മുതല്‍ ഛത്തീസ്ഗഢില്‍ മാധ്യമപ്രവര്‍ത്തകരുടെ നേര്‍ക്കുണ്ടായ ആക്രമണം വരെ- ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ വളരെ മോശം വര്‍ഷമാണിത്.



2016-ന്റെ ആദ്യ മൂന്നു മാസം കൊണ്ട് തന്നെ 19 പേര്‍ക്കെതിരെ 11 രാജ്യദ്രോഹ കുറ്റങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഇക്കാലയളവില്‍ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്ന് ദ ഹൂട്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.  ജെഎന്‍യുവിലെ ആറ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹ കേസിനെ തുടര്‍ന്ന് രാജ്യത്തുടനീളം ഈ വകുപ്പില്‍പ്പെടുത്തി നിരവധി കേസുകളാണ് ഉണ്ടായത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുതല്‍ ഹൈദരാബാദില്‍ നിന്നുള്ള എംപിയായ അസദുദ്ദീന്‍ ഒവൈസി വരെ ഈ കേസില്‍പ്പെട്ടു.രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടുന്ന മാനനഷ്ടക്കേസുകളുടെ എണ്ണവും ഈ മൂന്ന് മാസത്തിനിടെ കുതിച്ചുയര്‍ന്നു. 27 കേസുകള്‍. അതേസമയം കഴിഞ്ഞ വര്‍ഷം ഈ കാലപരിധിയില്‍ കേവലം രണ്ട് കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതേകാലയളവില്‍ രാജ്യത്ത് വിവിധയിടങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേര്‍ക്ക് ആക്രമനമുണ്ടായിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയും അവരുടെ വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്ത 14 സംഭവങ്ങളാണ് ഇക്കാലയളവിലുണ്ടായിട്ടുള്ളത്. ഫെബ്രുവരിയില്‍ സുല്‍ത്താന്‍പൂരില്‍ ജനസന്ദേശ് ടൈംസിന്റെ ബ്യൂറോ ചീഫായ കരുണ്‍ മിശ്ര വെടിയേറ്റ് മരിച്ചു. ഛത്തീസ്ഗഢിലാകട്ടെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായി. ജെഎന്‍യു പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്തിരുന്ന ഒമ്പത് മാധ്യമപ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചുവെന്ന വാര്‍ത്തയുടെ പിന്നാലെയാണിത് വന്നത്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ബാധിത ജില്ലയായ ബസ്തറില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ പോലും ഭയമോ സമ്മര്‍ദ്ദമോ ഇല്ലാതെ ജോലി ചെയ്യുന്നില്ലെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് തന്നെ പ്രസ്താവിച്ചിട്ടുണ്ട്. ഇവിടെ മാവോയിസ്റ്റുകളുടെ ഭീഷണിക്കൊപ്പം സര്‍ക്കാരിന്റെ നിരീക്ഷണവും മാധ്യമപ്രവര്‍ത്തകരുടെ മേലുണ്ട്. ഫോണ്‍ പൊലീസ് ചോര്‍ത്തുന്നതിനാല്‍ ഫോണിലൂടെ സംസാരിക്കാന്‍ ഏവരും മടിക്കുകയാണ്. റിപ്പോര്‍ട്ടര്‍മാരെ ആക്രമിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്ന സംഘങ്ങള്‍ വിലസ്സുമ്പോഴാണ് മാധ്യമപ്രവര്‍ത്തകരെ പൊലീസ് നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്.കഴിഞ്ഞ രണ്ടു വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം സെന്‍സര്‍ഷിപ്പ് കേസുകളിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 2015-ലെ ആദ്യ ത്രൈമാസപാദത്തില്‍ രണ്ട് സംഭവങ്ങള്‍ മാത്രമാണുണ്ടായത്. എന്നാല്‍ ഈ വര്‍ഷം അത് 17 ആണ്. സര്‍ക്കാരിനെ വിമര്‍ശിക്കരുതെന്ന് ഉര്‍ദു എഴുത്തുകാരോട് ആവശ്യപ്പെട്ടതു മുതല്‍ ഹരിയാനയില്‍ മനുഷ്യ ദൈവം ഗുര്‍മീത് റാം റഹിം കൗറിനെ പരിഹസിച്ചതിന് കൊമേഡിയന്‍ കിക്കു ശാര്‍ദയെ അറസ്റ്റ് ചെയ്ത സംഭവം വരെയുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള ആക്രമണം പുതിയത് അല്ലെങ്കിലും ഈ ആക്രമണത്തിന് പിന്നിലെ താല്‍പര്യം മറ്റൊന്നാണ്. എതിര്‍ശബ്ദങ്ങളെ ഒതുക്കുക മാത്രമല്ല സര്‍ക്കാരിന്റെ ഉദ്ദേശമെന്ന് ജെഎന്‍യു വിഷയത്തില്‍ നിരീക്ഷകര്‍ പറയുന്നു. ചിന്തിക്കുന്നതിനെ ഒതുക്കുകയാണ് ലക്ഷ്യമെന്ന് സര്‍വകലാശാലകള്‍ക്കുമേലുള്ള തുടര്‍ച്ചയായ ആക്രമണം സൂചിപ്പിക്കുന്നതെന്ന് അവര്‍ പറയുന്നു. 

No comments:

Post a Comment