Monday, 12 November 2012

എം.ടി: എഴുതിയാല്‍ തീരാത്ത വിസ്മയം

എം.ടി: എഴുതിയാല്‍ തീരാത്ത വിസ്മയം






വീട് പെണ്ണുങ്ങള്‍ക്കുള്ളതല്ളേ. നമ്മള്‍ ആണുങ്ങള്‍ക്ക് ഈ പെട്ടിപോലെ വീടിനെ ചുമന്നുനടക്കാന്‍ കഴിയുമോ...
അവന്‍, കുഞ്ഞബ്ദുള്ളയുടെ, മനസ്സില്‍ ഫക്കീര്‍ പറഞ്ഞത് കല്ലില്‍ കൊത്തിവെച്ചതുപോലെ പതിഞ്ഞിരുന്നു. വീട് ഉപേക്ഷിച്ച് പല ദേശങ്ങളിലേക്ക് പോകുമ്പോഴെല്ലാം വേരിലെ നനവായി ചില ഓര്‍മകളുണ്ടായിരുന്നു. പിന്നെയും പിന്നെയും സ്വന്തം ദേശത്തിലേക്കുതന്നെ തിരിച്ചുവരാന്‍ ഓര്‍മിപ്പിക്കുന്ന നനവുള്ള ഓര്‍മകള്‍...
സാഹിത്യം മനസ്സില്‍നിന്ന് പോകുമോ എന്ന ഭയം മനസ്സിലുണ്ടായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വളരെ ചെറിയ പ്രായത്തില്‍തന്നെ കഥകള്‍ പ്രസിദ്ധീകരിച്ചതു കാരണം നാട്ടില്‍ ഒരു മുതിര്‍ന്ന എഴുത്തുകാരനെപോലെ അറിയപ്പെട്ടുതുടങ്ങിയിരുന്നു. അലീഗഢിലേക്ക് പോകുമ്പോള്‍ വാക്കുകള്‍ ചേക്കേറുന്ന കൂട് ഹൃദയത്തില്‍നിന്ന് നഷ്ടപ്പെട്ടുപോകുമോ എന്ന ആധി വല്ലാതെ ബാധിച്ചപ്പോള്‍ എം.ടിയെ ചെന്നുകണ്ടു. അപ്പോള്‍ എം.ടി സമാധാനിപ്പിച്ചു:
പോകൂ. ഞാന്‍ ഇവിടെയില്ളേ. എഴുതാനുള്ള മനസ്സുണ്ടെങ്കില്‍ ഭാഷ എപ്പോഴും ഒപ്പമുണ്ടാവും. മനസ്സുണ്ടായിരിക്കുക എന്നതാണ് പ്രധാനം.
കുറച്ചുകാലം എഴുതാതിരുന്നാലും ഒരിക്കല്‍ വാക്കുകള്‍ കൂടുകെട്ടിയ മനസ്സ് അവിടെതന്നെയുണ്ടല്ളോ എന്ന ആശ്വാസമാണ് എം.ടി നല്‍കിയത്. എം.ടിക്കു മാത്രം നല്‍കാന്‍ കഴിയുന്ന ഒരു വലിയ ആശ്ളേഷമായിരുന്നു അത്. പറയുന്നത് മറ്റാരെങ്കിലുമാണെങ്കില്‍ യാത്രപോകുന്ന ഒരാളോടുള്ള കേവലം ഉപചാരംപറച്ചിലാണ് എന്നു കരുതി എനിക്കത് ഉപേക്ഷിക്കാമായിരുന്നു.
പക്ഷേ, എം.ടിയാണ് പറയുന്നത്:
പോയി വരൂ. ഞാനിവിടെയുണ്ട്.
അങ്ങനെ ഞാന്‍ പോയി. തിരിച്ചുവരുമ്പോള്‍ എം.ടി ഇവിടെ തന്നെയുണ്ട്. ദൂരെ പോയപ്പോള്‍ എം.ടി അവിടെയുമുണ്ടായിരുന്നു. എന്‍െറ മനസ്സിന്‍െറ ഒരു കോണില്‍. എന്നെ വിട്ട് എം.ടിയോ എം.ടിയെ വിട്ട് ഞാനോ എങ്ങോട്ടും പോയില്ല. പരസ്പരം മുറിച്ചുകളയാന്‍ കഴിയാത്ത ആത്മബന്ധത്തിന്‍െറ വേരുകള്‍ ഞങ്ങള്‍ക്കിടയില്‍ പടര്‍ന്നുകിടക്കുന്നു.
എം.ടിക്കു ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളായിരുന്നു പണ്ട് എഴുത്തുകാര്‍. എം.ടി സൂര്യനാണ്. ആ വെളിച്ചത്തില്‍ നമ്മുടെ സാഹിത്യം വെട്ടിത്തിളങ്ങി. എം.ടിയെ കുറിച്ച് ഒറ്റവാക്കില്‍ എനിക്ക് പറയാന്‍ തോന്നുന്ന കാര്യം ഇതാണ്: എഴുതിയാല്‍ തീരാത്ത വിസ്മയത്തിന്‍െറ പേരാണ് എം.ടി.
എം.ടി പൊതുവെ മൗനിയാണ്. പക്ഷേ, ചിരിയില്‍ ഒളിപ്പിച്ചുവെച്ച ഒരു മൗനമാണത്. വളരെ തമാശയോടെ ജീവിതത്തെ കുറിച്ച് പറയുന്ന ഒരു എം.ടിയുടെ ചിത്രം എന്‍െറ മനസ്സിലുണ്ട്. തുടയില്‍ കൈയടിച്ച് പൊട്ടിച്ചിരിക്കുന്ന എം.ടി. അങ്ങനെയുള്ള എം.ടിയെ ഞാന്‍ മാത്രമേ കണ്ടിട്ടുണ്ടാവൂ. ചിരി നിര്‍ത്താന്‍ പ്രയാസപ്പെടുന്ന പ്രിയപ്പെട്ട എം.ടി...അങ്ങനെ പൊട്ടിച്ചിരിക്കുന്ന ഒരു അപൂര്‍വചിത്രം എന്‍െറ കൈയിലുണ്ടായിരുന്നു. ചിരിക്കുമ്പോഴാണ് എം.ടിയെ കാണാന്‍ കൂടുതല്‍ രസം. ഞാനെന്തെങ്കിലും ആത്മകഥാപരമായി എഴുതുമ്പോള്‍ എം.ടി അടുത്ത ചിലരോടു പറയും:
അവനെന്തോ എഴുതുന്നുണ്ട് എന്നു കേട്ടു. എന്തൊക്കെയാണ് എഴുതിവെക്കുക എന്നാര്‍ക്കറിയാം...എന്നിട്ട് എം.ടി തലയില്‍ കൈവെച്ച് ചിരിക്കും. മുമ്പ് മാധ്യമം വാര്‍ഷികപ്പതിപ്പില്‍ വന്ന ‘പതിനാലാം രാവ്’ എന്ന കഥ വായിച്ച് എം.ടി അനുമോദിച്ചു:
നന്നായിട്ടുണ്ട്. തുടര്‍ച്ചയായി കഥകള്‍ എഴുതൂ.
നമ്മുടെ സാഹിത്യത്തെ മാറ്റിത്തീര്‍ത്ത ഒരാള്‍ എം.ടിയാണ്; പത്രാധിപര്‍ എന്ന നിലയിലും എഴുത്തുകാരന്‍ എന്ന നിലയിലും. പത്രാധിപര്‍ എന്ന നിലയിലുള്ള പ്രാഥമികമായ മര്യാദകള്‍ എഴുത്തുകാരോട് കാണിച്ച   ആളായിരുന്നു എം.ടി. ഒരു മുന്‍പരിചയവുമില്ലാതിരുന്ന സക്കറിയയുടെ കഥ തന്‍െറ മേശപ്പുറത്ത് തപാലില്‍ വന്നപ്പോള്‍ എം.ടി അത് വായിച്ചു. പ്രസിദ്ധീകരിച്ചു. സക്കറിയയെ ഞാനാണ് ആളാക്കിയത് എന്ന ഭാവമൊന്നും എം.ടി പ്രകടിപ്പിച്ചില്ല. എഴുത്തുകാരും എഡിറ്ററും തമ്മിലുള്ള ബന്ധം പരസ്പരപൂരകമാണ്.   ചില എഴുത്തുകാരെ താനാണ് exposure ചെയ്തത് എന്ന് എം.ടി പിന്നീട് ഒരിക്കലും ആരോടും പറഞ്ഞിട്ടില്ല. ഒരു നല്ല രചന ആഴ്ചപ്പതിപ്പില്‍ വരുമ്പോള്‍ അതിലൂടെ exposure ചെയ്യപ്പെടുന്നത് ആ എഴുതിയ ആള്‍ മാത്രമല്ല, അത് പ്രസിദ്ധീകരിക്കുന്ന ആഴ്ചപ്പതിപ്പുകൂടിയാണ്. വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും ഇടയിലുള്ള സത്യസന്ധനായ മധ്യസ്ഥനാണ് എഡിറ്റര്‍. അവര്‍ ഈഗോയുടെ തടവുകാരാവരുത്. പത്രാധിപര്‍ എന്ന നിലയില്‍ അങ്ങനെ വലിയ അന്തസ്സ് അദ്ദേഹത്തിനുണ്ട്. എഴുത്തുകാരെക്കൊണ്ടും വായനക്കാരെക്കൊണ്ടും ജീവിക്കുന്ന ആളാണ് പത്രാധിപര്‍ എന്ന ബോധം എം.ടിക്കുണ്ടായിരുന്നു. അതുകൊണ്ട്, വ്യത്യസ്തമായ ഉള്ളടക്കമുള്ള രചനകള്‍ വരുമ്പോള്‍ എം.ടി അതിയായി ആഹ്ളാദിക്കും. നല്ളൊരു സംഭവം വരുന്നുണ്ട്, എം.ടി ചിലപ്പോള്‍ പറയും, വായനക്കാര്‍ക്ക് സന്തോഷമാകും. എം.ടിയുടെ വലിയൊരു പ്രത്യേകതയായി എനിക്കു തോന്നിയത്, പത്രാധിപര്‍ എന്ന നിലയിലുള്ള അവകാശവാദങ്ങള്‍ അദ്ദേഹം എവിടെയുമെഴുതിയിട്ടില്ല. ഞാന്‍ സക്കറിയയെ കൊണ്ടുവന്നു, ഞാന്‍ പുനത്തിലിനെ കൊണ്ടുവന്നു, ഞാന്‍ അയാളെ കൊണ്ടുവന്നു, ഇയാളെ കൊണ്ടുവന്നു...അങ്ങനെ രഹസ്യമായിപോലും പറയുന്ന ആളല്ല എം.ടി. എം.ടി എം.ടിയെ കുറിച്ച് മാത്രമാണ് പറയാന്‍ ബാക്കി. ആ കഥകള്‍കൂടി എം.ടി പറയണം. നമ്മുടെ സാഹിത്യത്തിന്‍െറ വളരെ രസകരമായ എന്തെല്ലാം കഥകള്‍ എം.ടിയുടെ മനസ്സില്‍ ഉണ്ടാവും. പറയൂ, എം.ടീ, ആ കഥകള്‍. വായനക്കാര്‍ താങ്കള്‍ക്കുവേണ്ടി കാത്തിരിക്കുന്നു...
മാതൃഭൂമിയുടെ പത്രാധിപസ്ഥാനം ആദ്യമൊഴിഞ്ഞപ്പോള്‍ എന്തെങ്കിലും ഒരു ജോലി ചെയ്യണമെന്ന് എം.ടിക്കു തോന്നിയിരുന്നു. പത്രാധിപരാവുന്നതിനു മുമ്പ് കുറച്ചുകാലം അധ്യാപക വേഷം കെട്ടിയിരുന്നു. ആ വേഷം തീരെ ഇണങ്ങാത്തതുകൊണ്ടാവാം, പിന്നീട് ഒരിക്കലും അധ്യാപകനാവണമെന്ന് എം.ടി ആഗ്രഹിച്ചില്ല. പത്രാധിപസ്ഥാനം ഒഴിഞ്ഞപ്പോള്‍ പെട്ടെന്നൊരു ശൂന്യത എം.ടിയെ ബാധിച്ചു. എല്ലാ ദിവസവും മാതൃഭൂമി ഓഫിസില്‍ പോയിരിക്കുകയും പുതിയ രചനകള്‍ വായിക്കുകയും ചെയ്തിരുന്ന ഒരാള്‍ പെട്ടെന്നൊരു ദിവസം ശൂന്യമായ ചില ദിവസങ്ങളെ അഭിമുഖീകരിക്കുന്നു...ആ ശൂന്യത എം.ടിയെയും അലോസരപ്പെടുത്തി. അന്ന് എം.ടി സിനിമക്കുവേണ്ടി സ്ക്രിപ്റ്റുകള്‍ വ്യാപകമായി എഴുതിത്തുടങ്ങിയിരുന്നില്ല. ‘മുറപ്പെണ്ണ്’, ‘ഓളവും തീരവും’, ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്നിവയായിരുന്നു അതിനു മുമ്പ് എം.ടി ചെയ്ത പ്രധാന സിനിമകള്‍. പിന്നെ എക്കാലത്തെയും മികച്ച മലയാള സിനിമകളിലൊന്നായ ‘നിര്‍മാല്യ’വും. സിനിമകള്‍ക്ക് തിരക്കഥകളെഴുതിയിരുന്നെങ്കിലും സാഹിത്യകാരന്‍ എന്ന നിലയിലാണ് എം.ടിക്ക് അക്കാലത്തുള്ള പ്രശസ്തി. എങ്കിലും വരുമാനം കുറവായിരുന്നു. സിനിമയില്‍ വരുന്നതോടുകൂടിയാണ് എം.ടി ധനത്തിന്‍െറ ധന്യതകള്‍ അറിയുന്നത്. സിനിമയില്‍ വരുന്നതിന് മുമ്പ് ആത്മാവില്‍ മാത്രമായിരുന്നു ധന്യതകള്‍. ഇപ്പോഴും സര്‍ഗാത്മക സാഹിത്യകാരന്മാര്‍ കേരളത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്നം എഴുതുന്നതിന് തുച്ഛമായ പ്രതിഫലമേ കിട്ടുന്നുള്ളൂ എന്നുള്ളതാണ്. മുമ്പ് എം.പി. നാരായണപിള്ള അദ്ദേഹത്തിന്‍െറ കോളത്തില്‍ എഴുതിയത് ഓര്‍മവരുന്നു. നാലഞ്ച് വയലുകള്‍ ഒറ്റക്ക് കിളച്ചുമറിക്കുന്നതിനെക്കാള്‍ വിഷമമുള്ള ജോലിയാണ് ഒരു ചെറുകഥ എഴുതുക എന്ന് പറയുന്നത്. പക്ഷേ, അതിനനുസരിച്ച കൂലി പത്രാധിപന്മാര്‍ തരില്ല...മനോഹരമായ കഥകളെഴുതിയ എം.പി. നാരായണപിള്ള കഥകള്‍ പിന്നീട് എഴുതാതിരുന്നതിന്‍െറ കാരണം അതിന്‍െറ അധ്വാനത്തിനര്‍ഹമായ പ്രതിഫലം കിട്ടുന്നില്ല എന്നതുകൊണ്ടായിരുന്നു. ഇന്നും സ്ഥിതി ഏറെയൊന്നും മെച്ചപ്പെട്ടിട്ടില്ല. ഒന്നാമത് നമ്മുടെ എഡിറ്റര്‍മാര്‍ മാനേജ്മെന്‍റിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധിപ്പിക്കില്ല. അതാണ് പ്രശ്നം. മാനേജ്മെന്‍റിന് എഴുത്തുകാര്‍ക്ക് കുറച്ച് പൈസ കൂടുതല്‍ കൊടുക്കുന്നതില്‍ വിരോധമൊന്നും ഉണ്ടാകാനിടയില്ല. പാവങ്ങളല്ളേ കൊടുക്കൂ...എന്നവര്‍ പറയും. പക്ഷേ, എഡിറ്റര്‍മാര്‍ ശുഷ്കാന്തി കാണിക്കില്ല.
എം.ടിയെ കുറിച്ചാണല്ളോ പറഞ്ഞുവരുന്നത്. ശൂന്യമായ ദിവസങ്ങള്‍ എങ്ങനെ തള്ളിനീക്കും എന്ന ചിന്തയില്‍ നില്‍ക്കുന്ന എം.ടിയോട് ഞാന്‍ പറഞ്ഞു: നമുക്ക് ഒരു മെഡിക്കല്‍ഷോപ്പ് തുടങ്ങാം.
എം.ടിക്കും ധാരാളം ഡോക്ടര്‍മാര്‍ സുഹൃത്തുക്കളായുണ്ട്. അവരും എം.ടിയെ പ്രോത്സാഹിപ്പിച്ചു. എം.ടിയുടെ ഉള്ളിലാകട്ടെ വ്യത്യസ്തതകള്‍ ചെയ്യാനാഗ്രഹിക്കുന്ന ഒരു സാധാരണ മനുഷ്യനുണ്ട്. കച്ചവടത്തിന്‍െറ രഹസ്യങ്ങള്‍ അറിയാന്‍ എം.ടി കച്ചവടംതന്നെ ചെയ്തുകളയും. എന്നിട്ട് അതിന്‍െറ ഉള്ളുകള്ളികള്‍ പഠിക്കും. കോഴിക്കോട് ജീവിക്കുന്നതുകൊണ്ടുള്ള പ്രത്യേകതയാണത്. അങ്ങനെ ഞങ്ങളുടെയെല്ലാം നിര്‍ദേശത്തോടെ എം.ടി മെഡിക്കല്‍ഷോപ്പ് തുടങ്ങി.
തെക്കേപ്പാട്ട് മെഡിക്കല്‍സ്.
അതാണ് എം.ടി തുടങ്ങിയ മെഡിക്കല്‍ഷോപ്പിന്‍െറ പേര്. കിഴക്കെ നടക്കാവില്‍നിന്ന് എം.ടിയുടെ വീട്ടിലേക്ക് തിരിയുന്ന കൊട്ടാരംറോഡിന്‍െറ ജങ്ഷനിലാണ് തെക്കെപ്പാട്ട് മെഡിക്കല്‍സ്. അവിടെ വൈകുന്നേരം കുറച്ച് നേരം എം.ടി ഇരിക്കും. ചിലപ്പോള്‍, പ്രാക്ടീസ് കഴിഞ്ഞ് ഞാനും എം.ടിയെ സഹായിക്കാന്‍ മെഡിക്കല്‍ഷോപ്പില്‍ ഇരിക്കും. എം.ടി മരുന്നുകളൊക്കെ അങ്ങനെ തിരിച്ചും മറിച്ചും നോക്കും. ഏത് രോഗത്തിനാണ് കൂടുതല്‍ മരുന്ന് വിറ്റുപോകുന്നത് എന്നൊക്കെ പരിശോധിക്കും. ആകപ്പാടെ രസിച്ച് ഒരു ജീവിതം. പക്ഷേ, കൃത്യമായ ഒരു മാനേജ്മെന്‍റില്ലാത്തതുകൊണ്ട് തെക്കെപ്പാട്ട് മെഡിക്കല്‍സ് നഷ്ടത്തില്‍ കലാശിക്കുകയും പ്രൊപ്രൈറ്ററായ എം.ടി. വാസുദേവന്‍ നായര്‍ അത് അടച്ചുപൂട്ടുകയും ചെയ്തു. ഇതാണ് തെക്കേപ്പാട്ട് മെഡിക്കല്‍സിന്‍െറ കഥ.
കോഴിക്കോട് ആയതുകൊണ്ട് ഒരുപാട് ജീനിയസുകളോടെന്നപോലെ സാധാരണക്കാരുമായും എം.ടിക്ക് ബന്ധമുണ്ട്. കഥയുടെ പ്രമേയങ്ങള്‍ എം.ടി കണ്ടെത്തുന്നത് ഇവരിലൂടെയുള്ള സഹവാസത്തിലൂടെയാണ്. വൈക്കം മുഹമ്മദ് ബഷീറിന്‍െറ തോളില്‍ കൈയിടാവുന്ന ബന്ധം എം.ടിക്കുണ്ടായിരുന്നു. ബഷീറിനെ അത്രമേല്‍ സ്നേഹിച്ചിരുന്നു എം.ടി. ബഷീര്‍ തിരിച്ചുമതെ. നമ്മുടെ പല എഴുത്തുകാരിലും വര്‍ഗീയത ഒരു നേരിയ ആവരണംപോലെ ഉണ്ടാവും. എന്നാല്‍, എം.ടി. വാസുദേവന്‍ നായര്‍ വര്‍ഗീയത തീണ്ടാത്ത എഴുത്തുകാരനാണ്. തികഞ്ഞ മതേതരവാദിയും മനുഷ്യസ്നേഹിയും. കോഴിക്കോടിന്‍െറ പൈതൃകമാണത്. കോഴിക്കോട്ടുകാര്‍ക്ക് വര്‍ഗീയവാദികളാവാന്‍ ഒരിക്കലും കഴിയില്ല. അങ്ങനെ എപ്പോഴെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പുറത്തുനിന്നുള്ള ഇടപെടല്‍കൊണ്ടായിരിക്കും.
എന്‍.പി. മുഹമ്മദാണ് എം.ടി. വാസുദേവന്‍ നായരുടെ ആത്മസുഹൃത്ത്. എം.ടിയുടെ വായനയുടെ ലോകം വിശാലമാക്കുന്നതില്‍ എന്‍.പി വലിയ പങ്കുവഹിച്ചു. ലോകസാഹിത്യത്തിലേക്കുള്ള കിളിവാതില്‍ എം.ടിക്കു മുന്നില്‍ തുറന്നുകൊടുത്തത് എന്‍.പി. മുഹമ്മദാണ്. എം.ടിയോടൊപ്പം നിഴല്‍പോലെ എം.എം. ബഷീറിനെയും കാണാം. എം.എം. ബഷീറിനെപോലെ ചിരിക്കുന്ന ഒരു നിരൂപകനെ ഞാന്‍ കണ്ടിട്ടില്ല. സിനിമയിലെ ഹാസ്യനടന്മാരുടെ ചിരിയാണ് എം.എം. ബഷീറിന്‍േറത്.
തെക്കെപ്പാട്ട് മെഡിക്കല്‍സ് പൂട്ടിയതിനുശേഷം വീണ്ടും എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം എം.ടിക്കു കലശലായി. അങ്ങനെയാണ് ക്ളാസിക് പബ്ളിഷിങ് കമ്പനി തുടങ്ങുന്നത്. എഴുത്തുകാരായതുകൊണ്ട് പ്രസാധനം വിജയിപ്പിക്കാമെന്നായിരുന്നു കരുതിയത്.  സുകുമാര്‍ അഴീക്കോട്, അവന്‍ കുഞ്ഞബ്ദുള്ള തുടങ്ങിയവരെല്ലാം ഈ ക്ളാസിക് സംരംഭത്തില്‍ പങ്കാളികളാവുകയും ഷെയര്‍ നല്‍കുകയും ചെയ്തു. എന്‍െറ ഓര്‍മ ശരിയാണെങ്കില്‍ അഴീക്കോട് മാഷും ഞാനുമാണ് കൂടുതല്‍ ഷെയര്‍ നല്‍കിയത്. ഓര്‍മ മാത്രമാണ്. ക്ളാസിക് പബ്ളിഷിങ് കമ്പനി കോഴിക്കോടിന്‍െറ കണ്ണായ സ്ഥലത്താണ് തുടങ്ങിയത്- കോര്‍ട്ട് റോഡില്‍. വളരെ പ്രശസ്തമായ പോപ്പുലര്‍ ഓട്ടോമൊബൈല്‍സിന്‍െറ ബില്‍ഡിങ്ങായിരുന്നു അത്. പോപ്പുലര്‍ ഓട്ടോമൊബൈല്‍സിന്‍െറ ഉടമസ്ഥരില്‍ ഒരാളായിരുന്ന ചാക്കുണ്ണിയുടെ ഭാര്യയുടെ പേരിലാണ് ഈ ബില്‍ഡിങ്. എന്‍െറ കൂടെ ജോലിചെയ്തിരുന്ന പീഡിയാട്രീഷന്‍ ഡോ.കോശി വര്‍ഗീസിന്‍െറ ഭാര്യ ചാക്കുണ്ണിയുടെ മകളാണ്. കോശിയോട് സംസാരിച്ചപ്പോള്‍ ഭാര്യയുടെ അമ്മയെചെന്നു കാണാനും വാടകക്കാര്യം സംസാരിക്കാനും പറഞ്ഞു. എം.ടിയും ഞങ്ങളും ചാക്കുണ്ണിയുടെ ഭാര്യയെ ചെന്നുകണ്ട് വാടക നിശ്ചയിച്ചു. ഒരു ഡെപ്പോസിറ്റ് നല്‍കി.
ക്ളാസിക് ബുക്സ് എന്നു പേരിട്ടത് എം.ടിയാണ്. ആദ്യ പുസ്തകംതന്നെ വളരെ പ്രശസ്തമായി. സുകുമാര്‍ അഴീക്കോടിന്‍െറ ‘തത്ത്വമസി’യായിരുന്നു അത്. അത് രണ്ട് പതിപ്പിറക്കി. പിന്നെ എം.ടിയും എന്‍.പി. മുഹമ്മദുംകൂടി ലോകകഥകളുടെ മലയാള തര്‍ജമകള്‍ ഇറക്കി. മറ്റൊരു പുസ്തകം പകര്‍പ്പവകാശനിയമത്തെ കുറിച്ചുള്ളതാണ്. എഴുത്തുകാര്‍ക്കുള്ള ഒരു കൈപ്പുസ്തകമായിരുന്നു അത്. പുസ്തകപ്രസാധനം, കോപ്പിറൈറ്റ്, റോയല്‍റ്റി- തുടങ്ങിയവ വിശദീകരിക്കുന്ന ആ പുസ്തകം വേണ്ടത്ര വിറ്റുപോയില്ല. എഴുത്തുകാര്‍ക്ക് വായിച്ചാല്‍ മനസ്സിലാവാത്ത ഒരു ഭാഷയിലായിരുന്നു അത് എഴുതിയത്.
പോപ്പുലര്‍ ഓട്ടോമൊബൈല്‍സ് ബില്‍ഡിങ്ങിലെ മുകള്‍നിലയിലെ ഒരു മുറിയാണ് ക്ളാസിക്കിന്‍െറ ഓഫിസ്. ഞങ്ങള്‍ക്ക് പൊതുകാര്യസ്ഥനായി രാമന്‍ എന്നൊരു ആളുണ്ടായിരുന്നു. രാമന്‍ എം.ടിക്കും ഞങ്ങള്‍ക്കും രാവിലെയും വൈകുന്നേരവും ചായയും പരിപ്പുവടയും കൊണ്ടുവരുന്ന പണിയാണ് കൂടുതലുമെടുത്തത്. ഓഫിസിന്‍െറ പുറംവരാന്തയില്‍നിന്ന് എം.ടി തെരുവിലേക്ക് നോക്കും. എല്ലാ വൈകുന്നേരവും അഞ്ച് മണിയാകുമ്പോള്‍ റോഡ് ക്രോസ് ചെയ്യുന്ന ഒരു സ്ത്രീയുണ്ടായിരുന്നു. ആ സ്ത്രീയുടെ നടത്തം കാണാന്‍ വേണ്ടി മാത്രം അഞ്ചുമണിക്ക് എം.ടി പുറംവരാന്തയില്‍ നില്‍ക്കും. ഒരു ദിവസം എം.ടി പറഞ്ഞു:
അബ്ദുള്ളേ, ആ സ്ത്രീയുടെ നടത്തത്തിന് ഒരു ചന്തമുണ്ട് കേട്ടോ.
ചില ദിവസങ്ങളില്‍ ആ സ്ത്രീ റോഡ് ക്രോസ് ചെയ്തില്ല. അന്ന് എം.ടി ചായയും പരിപ്പുവടയും കഴിക്കാതെ നിരാശനായി നിന്നു.
ക്ളാസിക് ബുക്സ് മികച്ച ടൈറ്റിലുകള്‍ ഇറക്കിയെങ്കിലും അച്ചടിച്ചെലവും വാടകയുമൊന്നും ഒത്തുപോവുന്നില്ല. പുസ്തകം അച്ചടിച്ചാല്‍ മാത്രം പോരാ, അത് വായനക്കാരുടെ കൈയിലെത്താനുള്ള വില്‍പനകേന്ദ്രങ്ങളുണ്ടാവണം. ഇല്ളെങ്കില്‍, അത് അനാവശ്യവസ്തുവായി ഗോഡൗണില്‍ കെട്ടിക്കിടക്കും. കുറച്ച് കഴിയുമ്പോള്‍ എലികളായിരിക്കും വായനക്കാര്‍. വാടകയും മറ്റും പോക്കറ്റില്‍നിന്ന് എടുത്തുകൊടുക്കേണ്ട അവസ്ഥ വന്നപ്പോള്‍ എം.ടി പറഞ്ഞു:
നമുക്ക് രാമനുണ്ടല്ളോ. ഒരു ഫോട്ടോസ്റ്റാറ്റ് മെഷിന്‍ വാങ്ങാം. അങ്ങനെ വട്ടച്ചെലവുകള്‍ക്കുള്ള കാശ് കണ്ടെത്താം.
ഒരു ഫോട്ടോസ്റ്റാറ്റ് മെഷിന്‍ വാങ്ങി. അന്ന് ഫോട്ടോസ്റ്റാറ്റ് മെഷിന് പത്തായത്തിന്‍െറ വലുപ്പമുണ്ട്. മണലൊക്കെ ഒരു അരിപ്പയിലിട്ട് അരിച്ചെടുക്കുന്നതുപോലെയുള്ള ഒരു മെഷിന്‍. പിന്നെ അതുമായി ബന്ധപ്പെട്ട തലവേദനകളായി. ആ ഫോട്ടോസ്റ്റാറ്റ് മെഷിന്‍ എം.ടിയുടെ ഉറക്കംകെടുത്താന്‍ തുടങ്ങി. എല്ലാ ദിവസവും എന്തെങ്കിലും തകരാറുമായി രാമന്‍ എം.ടിയെ സമീപിക്കും. ഫോട്ടോസ്റ്റാറ്റ് മെഷിന്‍ കമ്പനിക്കാരോട് എം.ടി സംസാരിക്കും. കുറെ ആഴ്ചകള്‍ എം.ടി അതുമാത്രം ചെയ്തു. ഫോട്ടോസ്റ്റാറ്റ് യന്ത്രത്തിന്‍െറ കാര്യങ്ങളൊക്കെ പഠിച്ചപ്പോള്‍ എം.ടി അതുപേക്ഷിച്ചു. പിന്നെപ്പിന്നെ അഴീക്കോട് മാഷും എം.എം. ബഷീറും ഞാനും എം.ടിയുമൊക്കെ ക്ളാസിക്കെന്ന് കേള്‍ക്കുമ്പോള്‍ ബേജാറാവാന്‍ തുടങ്ങി. ആരുടെ പോക്കറ്റില്‍നിന്നാണ് പണമെടുക്കേണ്ടത് എന്ന ബേജാറ്. പാവം അഴീക്കോട് മാഷിന് ആ നിലയില്‍ കുറെ കാശ് നഷ്ടപ്പെട്ടിട്ടുണ്ട്; എനിക്കും.
ഇതില്‍നിന്ന് പഠിക്കാവുന്ന കാര്യം: എഴുത്തുകാര്‍ക്ക് ബിസിനസ് ചെയ്യാന്‍ കഴിയില്ല. അവര്‍ക്ക് പ്രസാധകരാവാനും സാധിക്കില്ല. എഴുത്തുകാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ജോലി എഴുതുക മാത്രമാണ്. എഴുതി ജയിക്കാം, റോയല്‍റ്റി കൂടുതല്‍ വാങ്ങാം. പക്ഷേ, സ്വന്തം പുസ്തകങ്ങള്‍ അവനവന്‍തന്നെ അച്ചടിച്ചുവിറ്റാല്‍ അത് നടക്കില്ല. പ്രസാധനം വേറൊരു കലയാണ്. ബിസിനസ് ഓറിയന്‍റഡ് ആര്‍ട്ട് ആണ് പ്രസാധനം. അതിന്‍െറ ആചാര്യന്‍ ഡി.സി കിഴക്കെമുറിയായിരുന്നു. ഇപ്പോള്‍ രവി ഡി.സിയും.
എം.ടിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അവന്‍, കുഞ്ഞബ്ദുള്ളക്ക്, പഴയ കോഴിക്കോടന്‍ സായാഹ്നങ്ങള്‍ ഓര്‍മവരുന്നു. വടകരയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള നിരന്തര യാത്രകള്‍. എം.ടിയോടൊപ്പമുള്ള ഇരിപ്പുകള്‍, നടപ്പുകള്‍. എം.ടി എഴുതിയതൊക്കെ മനോഹരമായിരുന്നു. നിലാവ് നാണമില്ലാത്ത തേവിടിശ്ശിയെപ്പോലെ ജാലകത്തില്‍നിന്നു ചിരിച്ചു...എന്ന് എഴുതാന്‍ എം.ടിക്കു മാത്രമേ കഴിയൂ. എം.ടിയുടെ ‘ശത്രു’ എന്ന കഥയിലാണ് ഈ വരി. ‘ശത്രു’ ഒരു ജയില്‍സന്ദര്‍ശനത്തിന്‍െറ ഓര്‍മയാണ്. മുമ്പ് കോഴിക്കോട് വളരെ പ്രമാദമായ ഒരു കൊലപാതകം നടന്നിരുന്നു- മുല്ലവീട്ടില്‍ അബ്ദുറഹ്മാന്‍ കൊലക്കേസ്. കോഴിക്കോട് വീറ്റ് ഹൗസില്‍ ശീട്ട്കളിച്ചുകൊണ്ടിരുന്ന മുല്ലവീട്ടില്‍ അബ്ദുറഹ്മാനെ സുഹൃത്ത് സ്രാങ്ക് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മുല്ലവീട്ടില്‍ അബ്ദുറഹ്മാന്‍ വലിയൊരു മുതലാളിയും കമ്യൂണിസ്റ്റുകാരനും സഹൃദയനുമായിരുന്നു. ദയാലുവായ മനുഷ്യന്‍. കോഴിക്കോട്ടെ പല സാംസ്കാരിക സംരംഭങ്ങള്‍ക്കും അകമഴിഞ്ഞ് സഹായിച്ച ആള്‍. സ്വന്തമായി കാറുണ്ടായിരുന്ന അദ്ദേഹത്തിനോടൊപ്പം ഇ.എം.എസുപോലും യാത്ര ചെയ്തിരുന്നു. വൈക്കം മുഹമ്മദ് ബഷീറും എം.ടിയും വി. അബ്ദുള്ളയും അടങ്ങുന്ന പഴയ കോഴിക്കോടന്‍ കൂട്ടായ്മകളില്‍ തലയെടുപ്പുള്ള സാന്നിധ്യമായിരുന്നു മുല്ലവീട്ടില്‍ അബ്ദുറഹ്മാന്‍േറത്. അവര്‍ വീറ്റ്ഹൗസില്‍ എപ്പോഴും ഒത്തുചേര്‍ന്നു. ദല്‍ഹിയിലെ ഇന്ത്യാ ഇന്‍റര്‍നാഷനല്‍ ക്ളബില്‍ പ്രവേശനം കിട്ടുന്നതുപോലെയാണ് അക്കാലത്ത് വീറ്റ് ഹൗസില്‍ പ്രവേശിച്ച എഴുത്തുകാര്‍ക്ക് തോന്നിയത്. ഇന്ത്യാ ഇന്‍റര്‍നാഷനല്‍ ക്ളബില്‍ എഴുത്തുകാര്‍ക്കും ചിത്രകാരന്മാര്‍ക്കും ശില്‍പികള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കുമൊക്കെയാണ് പ്രവേശനം. എം.പിമാര്‍ക്കുപോലും അവിടെ പ്രവേശനം കിട്ടില്ല. കുല്‍ദീപ് നയ്യാരും എം.എഫ്. ഹുസൈനും സിഗരറ്റ് വലിച്ച്, അല്‍പം മദ്യം നുകര്‍ന്ന് ഇന്ത്യാ ഇന്‍റര്‍നാഷനല്‍ ക്ളബിന്‍െറ ലോബിയിലിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മലയാളികളായി അവിടെ പ്രവേശനം കിട്ടിയവര്‍ ഒ.വി. വിജയന്‍, ഓംചേരി, വി.കെ. മാധവന്‍കുട്ടി എന്നിവര്‍ മാത്രമാണ്. വി.കെ. മാധവന്‍കുട്ടിയോടൊപ്പമാണ് ഞാന്‍ അവിടെ ചെന്നത്. വീറ്റ്ഹൗസ് പട്ടത്തുവിള, തിക്കോടിയന്‍, എന്‍.പി, എം.ടി, ദേവന്‍, കെ.എ. കൊടുങ്ങല്ലൂര്‍ എന്നിവരുടെയൊക്കെ വിഹാരകേന്ദ്രമായിരുന്നു. അവര്‍ക്കിടയില്‍ മുല്ലവീട്ടില്‍ അബ്ദുറഹ്മാന്‍ അതിപ്രതാപവാനായി ഇരിക്കും. ഒരു ദിവസം ശീട്ടുകളിച്ചുകൊണ്ടിരിക്കെ പെട്ടെന്നുണ്ടായ ഏതോ പ്രകോപനത്തില്‍ സ്രാങ്ക് അബ്ദുറഹ്മാനെ വെട്ടിക്കൊല്ലുകയായിരുന്നു. പിന്നീട്, സ്രാങ്കിനെ വധശിക്ഷക്ക് വിധിച്ചു. സ്രാങ്കും ഇവരുടെയെല്ലാവരുടെയും സുഹൃത്തായിരുന്നു. വലിയ കൂസലില്ലായ്മ സ്രാങ്കിന്‍െറ പ്രത്യേകതയായിരുന്നു. സ്രാങ്കിനെക്കുറിച്ചുള്ള ഒരു കഥകേട്ടിരുന്നു. വധശിക്ഷ നടപ്പിലാക്കുന്നതിന്‍െറ തലേന്നാള്‍ എന്താണ് അന്ത്യാഭിലാഷം എന്നു ചോദിച്ചപ്പോള്‍ സ്രാങ്ക് പറഞ്ഞത്രെ, കോഴിബിരിയാണി കഴിക്കണം! വധശിക്ഷക്ക് വിധിക്കപ്പെട്ട സ്രാങ്കിനെ എം.ടി. വാസുദേവന്‍ നായര്‍ സന്ദര്‍ശിച്ചതാണ് ‘ശത്രു’ എന്ന കഥയുടെ പ്രമേയം.
എം.ടി. വാസുദേവന്‍ നായര്‍ അങ്ങനെയാണ്, സന്തോഷത്തിലും ആപത്തിലും ആത്മമിത്രങ്ങളോടൊപ്പമുണ്ടാവും. ഞാന്‍ ഇവിടെയുണ്ട് എന്ന ആശ്വാസം എപ്പോഴും നല്‍കും...അവന്‍, കുഞ്ഞബ്ദുള്ള, ‘ശത്രു’ എന്ന കഥയിലെ ഒരു ഭാഗം ഓര്‍ക്കുകയാണ്:
വാക്കുകളുടെ സമ്പത്തില്‍ എന്നും അഹങ്കരിച്ചിരുന്ന അയാള്‍ അവസാനമായി എന്തെങ്കിലും പറയാന്‍വേണ്ടി വെമ്പലോടെ തപ്പിത്തടഞ്ഞു. എന്നിട്ട് നിസ്സഹായതയോടെ പിറുപിറുത്തു:
മൂപ്പാ, ധൈര്യമായിരിക്കൂ.
സാവധാനത്തില്‍ കൈ പിന്‍വലിച്ചപ്പോള്‍, മൂപ്പന്‍ സ്വന്തം കൈപ്പത്തി ഒരു നിമിഷം നെറ്റിയില്‍ അമര്‍ത്തിക്കൊണ്ട് പറഞ്ഞു: സലാം എല്ലാവരോടും.
അപ്പോള്‍ ആദ്യമായി വാക്കുകളില്‍ ഇടര്‍ച്ചയും തൊണ്ടയില്‍ ഒതുക്കിനിര്‍ത്താനാവാത്ത കലമ്പുന്ന തേങ്ങലുകളുടെ സ്വരവും കേട്ടു.
ജയിലറെ കാത്തുനില്‍ക്കാതെ അയാള്‍ വരാന്തയില്‍നിന്ന് മുറ്റത്തേക്കിറങ്ങി. ഇരുമ്പഴികള്‍ക്കുപിന്നില്‍ സലാം പറയുന്ന മനുഷ്യശബ്ദങ്ങള്‍.
ഞാനാരുമല്ല. സ്വാതന്ത്ര്യംവിധിക്കാന്‍ കരുത്തുള്ള മഹാനായ സന്ദര്‍ശകനല്ല.
ജീവിതത്തെകുറിച്ച് ഹൈഡഗര്‍ എന്ന ചിന്തകന്‍ പറഞ്ഞത് അവന്‍, കുഞ്ഞബ്ദുള്ള, എപ്പോഴും ഓര്‍ക്കാറുണ്ട്.
നമുക്ക് ഓരോരുത്തര്‍ക്കും ഓരോ ജീവിതം നല്‍കപ്പെട്ടിരിക്കുന്നു. ഒരാള്‍ക്ക് മറ്റൊരാള്‍ ആവാന്‍ കഴിയാത്തവിധം വ്യത്യസ്തവും മൗലികവുമായ ജീവിതം.
ജീവിതത്തിന്‍െറ തടവുകാരാണ് നമ്മള്‍. ചിലര്‍ ആ തടവു ഭേദിച്ച് മറ്റൊരു ആകാശവും മറ്റൊരു കടലും മറ്റൊരു കരയും തേടി യാത്ര ചെയ്യും. ഉയരത്തില്‍, വിദൂരദേശങ്ങളില്‍...

No comments:

Post a Comment