Friday 4 March 2016

ഞങ്ങള്‍ക്ക് ഇന്ത്യയിലാണ് സ്വാതന്ത്ര്യം വേണ്ടതെന്ന് കന്നയ്യകുമാര്‍

ഇന്ത്യയില്‍ നിന്നല്ല സ്വാതന്ത്ര്യം വേണ്ടത്, ഞങ്ങള്‍ക്ക് ഇന്ത്യയിലാണ് സ്വാതന്ത്ര്യം വേണ്ടതെന്ന് കന്നയ്യകുമാര്‍; രാജ്യം ഏറ്റെടുത്ത പ്രസംഗത്തിന്റെ പൂര്‍ണ രൂപവും 

രാജ്യദ്രോഹക്കുറ്റം ആരോപിച്ച് തീഹാര്‍ ജയിലില്‍ അടച്ച കന്നയ്യകുമാര്‍ ജയില്‍ മോചിതനായി ജെഎന്‍യുവിലെത്തി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് ഇന്നലെ നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ.ആസാദി മുദ്രാവാക്യം വിളിച്ചാണ് കന്നയ്യ പ്രസംഗം തുടങ്ങിയതും അവസാനിപ്പിച്ചതും.
രാജ്യദ്രോഹക്കുറ്റം ആരോപിച്ച് തീഹാര്‍ ജയിലില്‍ അടച്ച കന്നയ്യകുമാര്‍ ജയില്‍ മോചിതനായി ജെഎന്‍യുവിലെത്തി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് ഇന്നലെ നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ.ആസാദി മുദ്രാവാക്യം വിളിച്ചാണ് കന്നയ്യ പ്രസംഗം തുടങ്ങിയതും അവസാനിപ്പിച്ചതും.
ആദ്യമായി ജെഎന്‍യുവിനൊപ്പം നിന്ന എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. അതൊടൊപ്പം തന്നെ പാര്‍ലമെന്റിലിരുന്ന് ശരിയും തെറ്റും നിര്‍ണയിച്ചെടുക്കുന്ന രാഷ്ട്രീയക്കാര്‍, അവരുടെ പൊലീസുകാര്‍, ചില മാധ്യമങ്ങള്‍ എന്നിങ്ങനെ എല്ലാവര്‍ക്കും എന്റെ നന്ദി. എനിക്ക് ഇവിടെ ആരോടും ദേഷ്യമില്ല, എബിവിപിയോട് പോലും. കാരണം പുറത്തുളള എബിവിപിക്കാരെക്കാള്‍ ചിന്തിക്കുന്നവരാണ് ജെഎന്‍യുവിലെ എബിവിപിക്കാര്‍.
അതറിയണമെങ്കില്‍ കഴിഞ്ഞ തവണ ഇവിടെ നടന്ന പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് കണ്ടാല്‍ മതിയാകും. അതിന്റെ വീഡിയോ ഇപ്പോഴും കാണും ഇവിടെ. എബിവിപിയുടെ പ്രസിഡന്റിനെയാണ് ഒന്നുമല്ലാതാക്കി കളഞ്ഞത്. അപ്പോള്‍ ബാക്കിയുളളവരുടെ കാര്യം പറയാനില്ലല്ലോ. അതിനാല്‍ തന്നെ എബിവിപിയോട് ഞങ്ങള്‍ക്ക് ദേഷ്യമില്ല. അവരെ ശത്രുവിനെ പോലെയല്ല കാണുന്നത്, പ്രതിപക്ഷ ബഹുമാനത്തോടെയാണ് കാണുന്നത്.
അവര്‍ വ്യക്തമായ ആസൂത്രണത്തോടെയായിരുന്നു കാര്യങ്ങളില്‍ ഇടപെട്ടത്.എന്നാല്‍ നമ്മളോ വളരെ യാദൃശ്ചികമായിട്ടാണ് അതിനോട് പ്രതികരിച്ചത്. സമത്വം, സോഷ്യലിസം, മതേതരത്വം എന്നിങ്ങനെ ഭരണഘടനയുടെ എല്ലാ വകുപ്പുകള്‍ക്കും വേണ്ടിയാണ് നമ്മള്‍ നിലകൊള്ളുന്നത്.
കേസിനെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല. അത് കോടതിയുടെ പരിഗണനയിലാണ്.എനിക്ക് പ്രധാനമന്ത്രിയുമായി  ധാരാളം അഭിപ്രായവ്യത്യാസങ്ങളുണ്ട്.
എന്നാലും അദ്ദേഹത്തിന്റെ സത്യമേവ ജയതെ എന്ന ട്വീറ്റിനോട് ഞാന്‍ യോജിക്കുന്നു. റെയില്‍വെ സ്‌റ്റേഷനില്‍ മാജിക് കാണിക്കുന്ന ആള്‍ക്കാരെ നമ്മള്‍ കാണാറുണ്ട്. അതെപോലെ നമ്മുടെ രാജ്യത്തും ചിലരുണ്ട്.കള്ളപ്പണം തിരികെ കൊണ്ടുവരും, സബ് കാ സാത്ത്, സബ് കാ വികാസ്, എല്ലാവര്‍ക്കും തുല്യത എന്നിങ്ങനെ അവര്‍ പറഞ്ഞുകൊണ്ടിരിക്കും. ഇന്ത്യക്കാരായ നമ്മള്‍ വളരെ എളുപ്പത്തില്‍ മറക്കുന്നവരാണെങ്കിലും, അവരുണ്ടാക്കിയ കുഴപ്പങ്ങള്‍ കാരണം നമ്മള്‍ അത് മറന്നില്ല.
സര്‍ക്കാരിനെതിരെ നമ്മള്‍ പ്രസംഗിച്ചുകഴിഞ്ഞാല്‍ അവരുടെ സൈബര്‍സെല്‍ എഡിറ്റ് ചെയ്ത വീഡിയോ പ്രചരിപ്പിക്കും. ക്യാംപസിലെ വേസ്റ്റ് ബിന്നില്‍ നിന്നും കോണ്ടങ്ങളുടെ കണക്കെടുക്കും. അതുകൊണ്ട് തന്നെ ഇപ്പോള്‍ ജെഎന്‍യുവിനെതിരെ നടക്കുന്നത് ആസൂത്രിതമായ നീക്കങ്ങളാണ്. രോഹിത് വെമുലക്ക് നീതി കിട്ടുന്ന വിഷയത്തില്‍ നിന്നും, യുജിസി സമരത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വേണ്ടിയുളള നീക്കങ്ങളാണ് ഇതിനു പിന്നില്‍.
ജെഎന്‍യുവില്‍ പ്രവേശനം കിട്ടുക എന്നത് എളുപ്പമല്ല എന്ന കാര്യം ഞാന്‍ നിങ്ങളോട് പറയുകയാണ്.അതെപോലെ ജെഎന്‍യുവിലുളളവരെ നിശബ്ദരാക്കുക എന്നതും എളുപ്പമുളള കാര്യമല്ല. ഞങ്ങളുടെ പോരാട്ടത്തിന്റെ വീര്യം നിങ്ങള്‍ക്കൊരിക്കലും കുറക്കാനാകില്ല. അവര്‍ പറയുന്നു, രാജ്യത്തിന്റെ അതിര്‍ത്തികളില്‍ സൈനികര്‍ കൊല്ലപ്പെടുകയാണെന്ന്, അവരെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ കൊല്ലപ്പെടുന്നതിനെക്കുറിച്ച് ലോക്‌സഭയില്‍ സംസാരിച്ച ബിജെപി എംപിയോട് ഞാന്‍ ചോദിക്കുകയാണ്.
അത് നിങ്ങളുടെ മകനോ, സഹോദരനോ ആണോ?  ഇവിടെ മരിച്ചുവീഴുന്ന കര്‍ഷകരെക്കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാനുളളത്. വീരമൃത്യു അടഞ്ഞ സൈനികരുടെ പേരില്‍ വ്യാജവിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരരുത്. ഈ മരണങ്ങള്‍ക്ക് ഉത്തരവാദികള്‍ ആരാണ് ? അതിനാല്‍ തന്നെ എല്ലാവര്‍ക്കും തുല്യാവകാശം ലഭിക്കുന്നത് വരെ ഞങ്ങള്‍ക്ക് വിശ്രമമില്ല.ഇന്ത്യയ്ക്കുള്ളിലെ സ്വാതന്ത്ര്യമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്, മറിച്ച് ഇന്ത്യയില്‍ നിന്നുളള സ്വാതന്ത്ര്യമല്ല.
ലാല്‍സലാം എന്ന് എന്തിനാണ് നിങ്ങള്‍ പറയുന്നതെന്ന് എന്നോട് ഒരു പൊലീസുകാരന്‍ ചോദിച്ചു, ഞാന്‍ അവരോട് പറഞ്ഞു, അതിനര്‍ത്ഥം വിപ്ലവത്തിന് അഭിവാദ്യം എന്നാണെന്ന്. മറ്റൊരു കാര്യം കൂടി ഞാന്‍ പറയാം, പിന്നോക്ക ദേശത്തെ ദരിദ്രകുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. ജയിലില്‍ പൊലീസുകാരുമായി ഞാന്‍ സംസാരിക്കുമായിരുന്നു. അവരില്‍ അധികവും ദരിദ്രമായ ചുറ്റുപാടുകളില്‍ നിന്നുമാണ് വരുന്നത്.
മറ്റൊരു കാര്യം കൂടി ഞാന്‍ മാധ്യമങ്ങളോട് പറയുകയാണ്, ഇത്തരം ദരിദ്ര ചുറ്റുപാടുകളില്‍ നിന്നും ജെഎന്‍യുവില്‍ പ്രവേശനം നേടണമെന്ന് ആഗ്രഹിച്ചിട്ട് സാധിക്കാത്ത സൈന്യത്തില്‍ ചേര്‍ന്ന് അതിര്‍ത്തിയില്‍ യുദ്ധം ചെയ്യുന്ന സൈനികരും ഉണ്ടാകും. ഇത്തരം പിന്നോക്കവിഭാഗങ്ങളുടെ പിഎച്ച്ഡി സ്വപ്‌നങ്ങളാണ് ഗവണ്‍മെന്റ് ജെഎന്‍യുവിനെ നശിപ്പിക്കുന്നതിലൂടെ ഇല്ലാതാക്കുന്നത്. കര്‍ഷകനായാലും, സൈനികനായാലും, ജെഎന്‍യുവിലെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുന്ന വിദ്യാര്‍ത്ഥി ആയാലും ഞങ്ങള്‍ അവര്‍ക്കൊപ്പം സമത്വത്തിനു വേണ്ടി പോരാടിക്കൊണ്ടിരിക്കും.
സാമൂഹിക അടിച്ചമര്‍ത്തലുകളില്‍ നിന്നും, പട്ടിണിയില്‍ നിന്നും ഞങ്ങള്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നു. രോഹിത്ത് കണ്ട സ്വപ്‌നവും ഇതായിരുന്നു. ഒരു രോഹിത്തിനെ നിങ്ങള്‍ കൊലപ്പെടുത്തിയപ്പോള്‍, ആ പോരാട്ടം എത്ര വലുതായിരിക്കുന്നു എന്നു നിങ്ങള്‍ കാണണം.
നമ്മള്‍ സാധാരണക്കാരുടെതല്ലാത്ത ഭാഷയാണ് കൂടുതലായി ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ സാധാരണ ജനങ്ങളിലേക്ക് കൂടീ നമ്മളുടെ ആശയങ്ങള്‍ എത്തിക്കാന്‍ കഴിയണം. യഥാര്‍ത്ഥ സബ് കാ സാത്ത് സബ്കാ വികാസ് കൊണ്ടുവരാന്‍ സാധ്യമായ ഒരു ഗവണ്‍മെന്റിനെ കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിക്കും.
പ്രധാനമന്ത്രി ഇന്ന് സ്റ്റാലിനെക്കുറിച്ച് സംസാരിക്കുന്നത് കേട്ടു. ഹിറ്റ്‌ലറെക്കുറിച്ച് കൂടീ വല്ലപ്പോഴും സംസാരിക്കു മോഡിജീ എന്നാണ് എനിക്ക് പറയാനുളളത്. ഗുരുജി ഗോള്‍വാര്‍ക്കര്‍ സാബ് മുസോളിനിയെ സന്ദര്‍ശിച്ചതല്ലേ, അതുകൊണ്ട് മുസോളിനിയെക്കുറിച്ചെങ്കിലും സംസാരിക്കു. പ്രധാനമന്ത്രി മന്‍ കീ ബാത്ത് ചെയ്യുന്നുണ്ട്. പക്ഷേ ഒന്നും കേള്‍ക്കുന്നില്ല.
ജെഎന്‍യുവില്‍ ആയിരുന്നപ്പോള്‍ ഞാന്‍ എന്റെ അമ്മയോട് അധികം സംസാരിച്ചിരുന്നില്ല.ജയിലില്‍ പോയപ്പോഴാണ് അമ്മയോട് സംസാരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞാന്‍ മനസിലാക്കിയത്. ഇപ്പോള്‍ മൂന്നുമാസങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ അമ്മയോട് സംസാരിച്ചത്.
വളരെ അപകടകരമായ സംഭവങ്ങളാണ് രാജ്യത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഒരു പാര്‍ട്ടി, ഒരു മാധ്യമം, സൈനികര്‍ എന്നിവയെക്കുറിച്ച് മാത്രമല്ല ഞാന്‍ പറയുന്നത്. നമ്മുടെ രാജ്യത്തെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. സാധാരണക്കാരില്ലെങ്കില്‍ നമ്മുടെ രാജ്യം എങ്ങനെ ആയിരിക്കും. നിങ്ങള്‍ക്കറിയുമോ, എന്റെ കുടുംബത്തിന്റെ വരുമാനം വെറും 3000 രൂപയാണ്. എന്നെപ്പോലൊരാള്‍ക്ക് വേറെ എവിടെ എങ്കിലും പിഎച്ചഡി ചെയ്യാന്‍ കഴിയുമോ എന്ന് നിങ്ങള്‍ ആലോചിച്ചു നോക്കു ? ഇങ്ങനെയുളള സ്ഥാപനത്തിനുവേണ്ടി നില്‍ക്കുന്നവരെയാണ് ദേശദ്രോഹികളെന്ന് ഇവര്‍ വിളിക്കുന്നത്.
ജെഎന്‍യുവിനൊപ്പമുളള എല്ലാവരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു.എനിക്കൊപ്പം നിന്ന സീതാറാം യെച്ചൂരി, രാഹുല്‍ ഗാന്ധി, അരവിന്ദ് കെജ്രിവാള്‍ എന്നിവരും ദേശദ്രോഹികളായി മുദ്രകുത്തപ്പെട്ടു. ശരിക്കും ജെഎന്‍യുവിനു വേണ്ടിയല്ല, ശരിയും തെറ്റും ഏതെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് അവര്‍ ചെയ്തത്.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അറുപത്തിയൊന്‍പത് ശതമാനവും ഗവണ്‍മെന്റിന് എതിരായാണ് വോട്ട് ചെയ്തത്. അവരുടെ പ്രഖ്യാപനങ്ങളില്‍ മയങ്ങിപ്പോയ 31ശതമാനം മാത്രമാണ് അവര്‍ക്കായി വോട്ട് ചെയ്തത്. ശരിക്കുമുളള പ്രശ്‌നങ്ങളില്‍ നിന്നും ഇവര്‍ ജനങ്ങളെ വഴിതിരിച്ചു വിടുകയാണ്. ആര്‍എസ്എസിന്റെ മുഖപത്രമായ ഓര്‍ഗനൈസര്‍ ജെഎന്‍യുവിനെക്കുറിച്ച് കവര്‍ സ്‌റ്റോറിയും ചെയ്തിരുന്നു.ഹര്‍ഹര്‍ എന്നു പറഞ്ഞ് ജനങ്ങളെ സ്വാധിനിക്കാന്‍ ശ്രമിച്ച ഇവരുടെ നടപടികള്‍ കാരണം ജനങ്ങള്‍ ഇന്ന് വിലക്കയറ്റത്താല്‍ ബുദ്ധിമുട്ടുകയാണ്.
ഒരു സംവാദത്തിലൂടെ നാലുമാസത്തേക്ക് ജെഎന്‍യു അടച്ചിടണമെന്ന് അവര്‍ തെളിയുക്കുകയാണെങ്കില്‍ ഞാനും യോജിക്കാം. നുണകളെ സത്യമാക്കാന്‍ നിങ്ങള്‍ക്കും കഴിയില്ല. അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന അത്ര കരുത്തില്‍ ഞങ്ങള്‍ പൊരുതിക്കൊണ്ടിരിക്കും. ആര്‍എസ്എസിനും, എബിവിപിക്കും എതിരായ പോരാട്ടത്തിനായി ജെഎന്‍യു നിലകൊള്ളും. അതില്‍ ഞങ്ങള്‍ വിജയിക്കുക തന്നെ ചെയ്യും. അതിനാല്‍ ഞങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നല്ല സ്വാതന്ത്ര്യം വേണ്ടത്, ഇന്ത്യയിലാണ് സ്വാതന്ത്ര്യം വേണ്ടതെന്ന് മാധ്യമങ്ങളെ നിങ്ങള്‍ എല്ലാവരോടും പറയു...

 

 

 

No comments:

Post a Comment