Monday 7 March 2016

kalabhavan mani passed away

മമ്മൂക്കാ എന്നു വിളിക്കാന്‍ ഇനിയെന്റെ അനുജനില്ല; കലര്‍പ്പില്ലാതെയാണ് മണി സ്നേഹിച്ചിരുന്നതെന്ന് മമ്മൂട്ടി

 

കൊച്ചി: കാറിന്റെ ഡിക്കിയില്‍ മാങ്കോസ്റ്റിന്‍ തൈകളും, കുടയില്‍ നിറയെ മാങ്കോസ്റ്റിന്‍ പഴങ്ങളുമായി മമ്മൂക്കാ... എന്നു വിളിച്ചുകൊണ്ടുവരുന്ന മണി ഇനിയുണ്ടാകില്ലെന്നത് ഞെട്ടലിനും അപ്പുറത്തുളള എന്തോ ആണെന്ന് നടന്‍ മമ്മൂട്ടി. ടിവിയില്‍ മണി മരിച്ചു എന്നെഴുതി കാണിക്കുമ്പോള്‍ ഇവിടെ ബെംഗളൂരുവില്‍ ഞാനൊരു ഷൂട്ടിംഗ് തിരക്കിലാണ്. ഇത്തവണ മരണം കൊണ്ടുപോയത് എന്റെ അരികില്‍ നിന്നൊരാളെയാണ്.എന്തിനും കൈയെത്തും ദൂരത്തുണ്ടായിരുന്നൊരു സഹോദരനെ. എന്തുപറഞ്ഞാണ് ഞാന്‍ എന്നെത്തന്നെ സമാധാനിപ്പിക്കുക!
തെറ്റ് ചെയ്താല്‍ അരികില്‍ വന്നു തലകുനിച്ച് കണ്ണുതുടക്കുന്നൊരു അനുജനായിരുന്നു മണി.എന്റെ വീട് അവന്റെ കൂടെ വീടാണെന്ന് കരുതിയിരുന്ന ഒരാള്‍. മണി എന്നെ കണ്ടത് ജേഷ്ഠനായാണ്.സിഗററ്റ് വലിക്കുമ്പോള്‍ പോലും എന്നെ കണ്ടാല്‍ അത് മറച്ചുപിടിക്കാന്‍ നോക്കും.അത് അറിയാതെ ചെയ്തുപോകുന്നതാണ്, കലര്‍പ്പില്ലാതെയാണ് മണി എന്നെ സ്‌നേഹിച്ചത്.
മറുമലര്‍ച്ചി എന്ന സിനിമയുടെ ഷൂട്ടിംഗ് തിരുവണ്ണാമലയില്‍ നടന്നുകൊണ്ടിരിക്കെ അഭിനയിക്കാമെന്നേറ്റ ഹാസ്യനടന്‍ പെട്ടെന്നു വരില്ലെന്നറിയിച്ചു.അതോടെ ആളില്ലാതായി.ഞാന്‍ പറഞ്ഞു, മലയാളത്തില്‍ കലാഭവന്‍ മണിയെന്നൊരു നല്ല നടനുണ്ട്. അദ്ദേഹത്തെ വിളിക്കാമെന്നാണ്. അന്നു ഞാന്‍ പറഞ്ഞത് വന്നാല്‍ തിരിച്ചയക്കില്ലെന്ന ഉറപ്പുതരണമെന്നാണ്. കാരണം അത്രയും നല്ലൊരു നടനെ തിരിച്ചയച്ചാല്‍ അതൊരു വേദനയാകും. അവര്‍ മണിയെ തിരിച്ചയക്കില്ലെന്ന് ഉറപ്പ് നല്‍കി.അവര്‍ വിളിച്ചപ്പോള്‍ തമിഴ് അറിയില്ലെന്ന് പറഞ്ഞ് മണി മുങ്ങി.
അവസാനം ഞാന്‍ വിളിച്ച് ഇത് നല്ല അവസരമാണെന്ന് പറഞ്ഞു. കുറച്ചുദേഷ്യത്തില്‍ പറഞ്ഞു എന്നാണോര്‍മ്മ. ഉടന്‍ പറഞ്ഞു, നാളെ രാവിലെ ഞാനവിടെ എത്തുമെന്ന്, അതായിരുന്നു തമിഴിലെ തുടക്കം. പിന്നീട് മണി തമിഴില്‍ വലിയ നടനായി.ചാലക്കുടിയിലോ തിരക്കില്ലാത്ത ലൊക്കേഷനിലോ ആണ് ഷൂട്ട് എങ്കില്‍ കോഴിയും, ആടുമെല്ലാമായി മണിയും സംഘവും വരും.കൂടെയൊരു പാചകക്കാരനും കാണും.മണിയും നല്ല പാചകക്കാരനാണ്.എനിക്കിഷ്ടമുളളതെല്ലാം ഉണ്ടാക്കി മണി ഊട്ടിക്കും.ഭക്ഷണം കഴിച്ച് മതിവരുന്നത് മണിക്ക് കാണണമായിരുന്നു.
മണിയുടെ ഭക്ഷണത്തിലുണ്ടായിരുന്നത് സ്‌നേഹമാണ്.അളക്കാനാകാത്ത സ്‌നേഹം.മണി എന്തെങ്കിലും വേണ്ടാത്തത് കാണിച്ചുവെന്ന് കേട്ടാല്‍ ഞാന്‍ വിളിക്കുമായിരുന്നു. ഇനി ഉണ്ടാകില്ലെന്ന് പറഞ്ഞ് ഫോണിന്റെ മറുവശത്ത് മൂളിക്കൊണ്ട് മിണ്ടാതിരിക്കും. ആദ്യകാലത്ത് ഞങ്ങള്‍ കാള്‍ ലൂയിസ് എന്നാണ് മണിയെ വിളിച്ചിരുന്നത്. അത്രയ്ക്കും ബലിഷ്ഠമായ ശരീരമായിരുന്നു.മലയാള സിനിമയിലും ഗാനശാഖയിലും നാടന്‍ പാട്ടിനെ തിരിച്ചുകൊണ്ടുവന്നത് മണിയാണ്. നൂറുകണക്കിന് നാടന്‍പാട്ടുകള്‍ മണി തേടിപ്പിടിച്ചു.അതറിയാവുന്നവരെക്കൊണ്ട് എഴുതിച്ചു.മണിയുടെതായ ഗായക സംഘമുണ്ടായി. സത്യത്തില്‍ മണിയുടെ വലിയൊരു ബാന്‍ഡ് രൂപപ്പെടേണ്ടതായിരുന്നു.
ആയിരക്കണക്കിനു ആളുകള്‍ ഗള്‍ഫില്‍പ്പോലും മണിയുടെ പാട്ടിന്റെ താളത്തിനൊത്ത് നൃത്തം ചവിട്ടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.മലയാളം അറിയാത്തവരുടെ വലിയസംഘങ്ങള്‍ പോലും അതിലുണ്ടായിരുന്നു.മണിയുടെ ശരീരഭാഷയും താളവും അവതരണവും ഭാഷയ്ക്ക് അപ്പുറത്തേക്ക് സംഗീതത്തെ കൊണ്ടുപോയി.

 

 

 

No comments:

Post a Comment